കൗമാരക്കാര്‍ക്കായി നാലാമത്തെ വാക്‌സിന്‍; നോവാവാക്‌സിന് ഡിസിജിഐയുടെ അനുമതി

രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ നോവാവാക്‌സ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐയുടെ അനുമതി. 12 നും 18 വയസിനും ഇടയിലുള്ള കൗമാരക്കാരില്‍ കുത്തിവെക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നോവാവാക്‌സും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള വാക്‌സിന്‍ കൗമാരക്കാര്‍ക്കായി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ അഡാര്‍ പൂനാവാല പറഞ്ഞു. നോവാവാക്സ് എന്ന വിദേശ നിര്‍മ്മിത വാക്‌സിന്‍ ആണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ കോവോവാക്സ് എന്ന പേരില്‍ പുറത്തിറക്കുന്നത്.

രാജ്യത്ത് കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കുമുള്ള നാലാമത്തെ വാക്‌സിനാണ് നോവാവാക്സ്. തങ്ങളുടെ വാക്‌സിന്‍ 80 ശതമാനം വരെ ഫലപ്രദമാണെന്ന് നോവാവാക്സ് ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ 12 നും 18 നും ഇടയില്‍ പ്രായമുള്ള 2,247 കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിച്ചു വിജയിക്കുകയും ചെയ്തു.