പദ്മപുരസ്‌കാരം: വേദിയിലെത്തിയ ഊര്‍ജ്ജസ്വലനായ 125കാരന്‍ യോഗിയുടെ ആരോഗ്യരഹസ്യം തേടി മാധ്യമങ്ങള്‍

പദ്മ പുരസ്‌കാരം ഏറ്റു വാങ്ങാന്‍ വേദിയിലെത്തിയ ശുഭ്ര വസ്ത്രധാരിയായ 125കാരനെ ഉറ്റുനോക്കുകയായിരുന്നു സദസ് മുഴുവന്‍. മാധ്യമക്കണ്ണുകളും ഈ യോഗി വര്യനു നേരെ തിരിഞ്ഞു. വേദിയിലെത്തിയ ഉടന്‍ അദ്ദേഹം പ്രധാനമന്ത്രിയെ നമസ്‌കരിച്ചു. പ്രധാനമന്ത്രി തിരിച്ചും തൊഴുതു. ശേഷം രാഷ്ട്രപതിയുടെ അടുത്തെത്തിയ അദ്ദേഹം ഇതു തന്നെ ആവര്‍ത്തിക്കുകയും പദ്മ ശ്രീ പുരസ്‌കാരം ഏറ്റു വാങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ പേരാണ് സ്വാമി ശിവാനന്ദ.

വ്യത്യസ്തമായ ജീവിതരീതിയാണ് സ്വാമി ശിവാനന്ദയുടേത്. യോഗക്കും മാനുഷിക മൂല്യങ്ങള്‍ക്കും വേണ്ടി മാത്രം സമര്‍പ്പിക്കപ്പെട്ട ജീവിതം. അദ്ദേഹത്തിന്റെ ഭക്ഷണ രീതികളില്‍ എണ്ണയോ മസാലയോ ഒന്നും ഉള്‍പ്പെടുത്തില്ല. പാലും പഴ വര്‍ഗങ്ങളും നിഷിദ്ദം. ചോറും ഡാല്‍ കറിയുമാണ് ആഹാരം. ദിവസവും രണ്ടോ മൂന്നോ പച്ചമുളക് നിര്‍ബന്ധമാണ്. അതുകൊണ്ടു തന്നെ ഒരു തരത്തിലുള്ള രോഗവും ശിവാനന്ദയെ ഇന്ന് വരെ തേടി വന്നിട്ടില്ല.

1896 ആഗസ്റ്റ് 8ന് ബംഗ്ലാദേശിലെ സിലത്ത് ജില്ലയിലാണ് ശിവാനന്ദയുടെ ജനനം. ആറുവയസില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടതിന് ശേഷം തുടര്‍ന്നുള്ള ജീവിതം തന്റെ ഗുരുവായ ഓകാരാനന്ദ ഗോസ്വാമിയുടെ ആശ്രമത്തില്‍ ചിലവഴിച്ചു. യോഗ അഭ്യസിച്ചതും ഇവിടെ നിന്നാണ്. അറുന്നൂറിലധികം കുഷ്ഠരോഗികള്‍ക്ക് അദ്ദേഹം തണലായി. ഈ 125-ആം വയസിലും സ്വാമി ശിവാനന്ദ ഇത്രയും ഊര്‍ജ്ജസ്വലനാവുന്നെങ്കില്‍ അതിന്റെ ഒരേയൊരു കാരണം യോഗാതിഷ്ഠിതമായ ജീവിതവും ഭക്ഷണക്രമണവും തന്നെയാണ്. അദ്ദേഹത്തിന്റെ ആരോഗ്യരഹസ്യം തേടി ലോകത്തെമ്പാടുമുള്ള പ്രശസ്ത ഡോക്ടര്‍മാര്‍ ഗവേഷണങ്ങളില്‍ മുഴുകിയിരുന്നു.