കൊച്ചി: ഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ദന് സായ് ശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് പി. ഗോപിനാഥന് ഹര്‍ജി തീര്‍പ്പാക്കി. ചോദ്യംചെയ്യലിന് ഹാജരാകാനായി ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സായ് ശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, സായ് ശങ്കറിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും സാക്ഷിയായാണ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിക്കുകയായിരുന്നു.
ഏഴുദിവസത്തിന് ശേഷം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാമെന്ന് സായ് ശങ്കറും കോടതിയില്‍ പറഞ്ഞു. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിച്ചെന്ന കുറ്റമാണെങ്കില്‍ അതിന് ജാമ്യം ലഭിക്കുമെന്നും സായ് ശങ്കര്‍ വാദിച്ചു. ഇതോടെ തോക്കില്‍ കയറി വെടിവെയ്ക്കുകയാണോയെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമാണെങ്കില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി എങ്ങനെ നിലനില്‍ക്കുമെന്നും ഹൈക്കോടതി തിരിച്ചടിച്ചു. തുടര്‍ന്ന് ഹര്‍ജി നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച് കോടതി തീര്‍പ്പാക്കുകയായിരുന്നു.
അതേസമയം, കൊച്ചിയിലെത്തി ദിലീപിന്റെ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച ദിവസം സായ് ശങ്കര്‍ കൊച്ചിയില്‍ താമസിച്ചതിന്റെ രേഖകളും മറ്റു തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. എന്നാല്‍, ചോദ്യംചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടും ഇയാള്‍ ഹാജരായിരുന്നില്ല. ഇതിനിടെ, കമ്പ്യൂട്ടറില്‍ ഭാര്യയുടെ ലോഗിന്‍ ഐ.ഡി. ഉപയോഗിച്ചാണ് സായ് ശങ്കര്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ ഫ്ളാറ്റില്‍വെച്ച് സായ് ശങ്കറിന്റെ ഭാര്യയെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു.

