തൃണമൂല്‍ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം; ബംഗാളില്‍ പത്തുപേരെ തീവെച്ചു കൊന്നു; 11 പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭിര്‍ഭും ജില്ലയില്‍ പത്തുപേര്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തില്‍ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തതായി ബംഗാള്‍ ഡിജിപി മനോജ് മാളവ്യ അറിയിച്ചു. പത്തുപേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതെന്ന് ഡിജിപി സ്ഥിരീകരിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസറെയും രാംപൂര്‍ഘട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയും നീക്കി.

ഭര്‍ഷാര്‍ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഭാധു ഷേയ്ഖ് ഇന്നലെ രാത്രി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. മുപ്പത്തിയെട്ട് വയസ് മാത്രം പ്രായമുള്ള ഭാധു ഷേയ്ഖ് ഈ മേഖലയിലെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ഇയാള്‍ക്കെതിരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് സൂചന. ഒരേ കുടുംബത്തിലെ 7 പേരടക്കം പത്തുപേരുടെയും മൃതദേഹം കത്തിക്കരഞ്ഞ നിലയിലാണ് കണ്ടെത്തിയത്. നിരവധി വീടുകളും അഗ്നിക്കിരയായി.