ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ധരടങ്ങുന്ന സംഘത്തെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് കേരളം. മേൽനോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതെന്നാണ് കേരളത്തിന്റെ ആരോപണം. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യാൃവാങ്മൂലത്തിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, തമിഴ്നാട് സമയം ആവശ്യപ്പെട്ടതിനാൽ മുല്ലപ്പെരിയാർ ഹർജികളിൽ അന്തിമവാദം കേൾക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റിയിരിക്കുകയാണ്.
അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണെമെന്നും പരിശോധന സമിതിയിൽ അന്താരാഷ്ട വിദഗ്ധരെയും ഉൾപ്പെടുത്തണമെന്നും കേരളം ആവശ്യപ്പെട്ടു. 2010 -11 കാലത്ത് നടന്ന സുരക്ഷ പരിശോധനക്ക് ശേഷം കാലാവസ്ഥയിൽ കാര്യമായ മാറ്റം സംഭവിച്ചു. അണക്കെട്ട് ഉൾപ്പെടുന്ന മേഖലയിൽ പ്രളയും ഭൂചലനവും ഉണ്ടായത് സുരക്ഷയെ ബാധിച്ചിട്ടുണ്ടെന്നും അതിനാൽ 2018 ലെ അണക്കെട്ട് സുരക്ഷ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി പരിശോധന നടത്തണമെന്നും കേരളം കോടതിയോട് പറഞ്ഞു.
അതേസമയം, റിപ്പോർട്ട് നൽകാൻ ജല കമ്മീഷന് അധികാരമില്ലെന്നും മേൽനോട്ട സമിതിയുടെ അറിവോ അനുമതിയോ ഉണ്ടായിരുന്നില്ലെന്നും കേരളം വിമർശിച്ചു.

