തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. ഇന്ധനവില വർദ്ധിക്കുകയും ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് ഉടമകൾ സമരം നടത്തുന്നത്. ഇന്ന് അർദ്ധരാത്രി മുതൽ സമരം ആരംഭിക്കുക. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഇത്തരമൊരു സാഹചര്യത്തിലേക്ക് സർക്കാർ തള്ളിവിടുകയായിരുന്നെന്നും സ്വകാര്യ ബസുടമകൾ ആരോപിക്കുന്നു.
മിനിമം ചാർജ് പത്ത് രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് ആറ് രൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ മുന്നോട്ടുവെയ്ക്കുന്നത്.
അതേസമയം, സമരത്തിലൂടെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാമെന്ന് കരുതേണ്ടെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. സമരവുമായി മുന്നോട്ട് പോയാൽ കെ എസ് ആർ ടി സിയുടെ ബസ് സർവീസ് വർദ്ധിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

