ഒരു മാസത്തിനുള്ളിൽ 25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും; പഞ്ചാബിൽ വൻ പ്രഖ്യാപനങ്ങളുമായി എഎപി

ചണ്ഡീഗഡ്: പഞ്ചാബിൽ ഭരണം ആരംഭിച്ച് ആം ആദ്മി സർക്കാർ. വലിയ പ്രഖ്യാപനങ്ങളാണ് ഡൽഹിയിൽ ആംആദ്മി സർക്കാർ നടത്തിയിട്ടുള്ളത്. വിവിധ സർക്കാർ വകുപ്പുകളിലായി ഒരു മാസത്തിനുള്ളിൽ 25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സർക്കാർ അറിയിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള വിവിധ വകുപ്പുകൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ ഒഴിവുകൾ വിജ്ഞാപനം ചെയ്യാനാണ് പഞ്ചാബ് മന്ത്രിസഭ അംഗീകാരം നൽകിയത്.

10,000 തൊഴിലവസരങ്ങൾ പൊലീസിലും 15,000 മറ്റു വകുപ്പുകളിലുമായി സൃഷ്ടിക്കാനാണ് സർക്കാരിന്റെ പദ്ധതി. മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം ചേർന്ന് ആദ്യ മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. പഞ്ചാബിൽ 25,000 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തത്. തെരഞ്ഞെടുപ്പിനു മുൻപ് എഎപി വാഗ്ദാനം ചെയ്തതു പോലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി.

അതേസമയം കർഷകർക്ക് അനുകൂലമായ നടപടികലും പഞ്ചാബ് സർക്കാർ സ്വീകരിക്കുന്നുണ്ട്. പിങ്ക് ബോൾവേം മൂലം പരുത്തിക്കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരമായി 101 കോടി രൂപ അനുവദിച്ചു. കർഷകർക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്നും ഈ നഷ്ടപരിഹാരം ഏറെ നാളത്തെ കാത്തിരിപ്പാണെന്നും ആംആദ്മി പാർട്ടി അറിയിച്ചു.