ദിലീപിനെ ജയിലിലെത്തി കണ്ടുമടങ്ങുന്ന രഞ്ജിത്തിന്റെ ചിത്രവുമായി സോഷ്യല്‍മീഡിയയില്‍ വിനായകന്‍

നടന്‍ വിനായകന്‍ പങ്കുവച്ച പുതിയ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കാണാനായി ആലുവ സെന്‍ട്രല്‍ ജയിലിലെത്തിയ സംവിധായകന്‍ രഞ്ജിത്തിന്റെയും ഹരിശ്രീ അശോകന്റെയും ചിത്രമാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. കമന്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന വേദിയില്‍ ഭാവനയെ ക്ഷണിച്ചത് സംവിധായകന്‍ രഞ്ജിത്തായിരുന്നു. പോരാട്ടത്തിന്റെ പെണ്‍ പ്രതീകമായ ഭാവനയെ സദസിലേക്ക് ക്ഷണിക്കുന്നു എന്ന് പറഞ്ഞായിരുന്നു രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. പിന്നാലെ ജയിലില്‍ ദിലീപിനെ കാണാന്‍ പോയ രഞ്ജിത്തിന്റെ ചിത്രങ്ങളും വാര്‍ത്തകളുമായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. ‘ആഹാ ഇരക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദി കംപ്ലീറ്റ് തിരക്കഥകൃത്ത്’ എന്നാണ് കമന്റ് ബോക്‌സില്‍ എഴുതിയിരിക്കുന്നത്. വിനായകന്‍ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയും ഇക്കാര്യം ഏറ്റെടുത്തു. നിരവധി പേരാണ് കമന്റ് ബോക്‌സില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി രംഗത്തെത്തിയത്.

എന്നാല്‍, നടന്‍ ദിലീപിന് വേണ്ടി ഒരിക്കലും താന്‍ വാദിച്ചിട്ടില്ലെന്ന് രഞ്ജിത്ത് വ്യക്തമാക്കി. ‘ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലില്‍ പോയി ദിലീപിനെ കണ്ടത്. ദിലീപുമായി അടുത്ത ബന്ധം ഇല്ലെ. ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങില്‍ ഭാവനയെ കൊണ്ടുവന്നത് നാടകീയമായ മുഹൂര്‍ത്തം ഉണ്ടാക്കാന്‍ വേണ്ടിയല്ല. ഇതിലും വലിയ കാറ്റ് വന്നിട്ട് ആടിയിട്ടില്ല. ദിലീപ് ഇത്തരം ഒരു കാര്യം ചെയ്തു എന്ന് വിശ്വസിക്കാന്‍ അന്ന് പ്രയാസമായിരുന്നു. കേസ് കോടതിയിലാണ്. ഞാന്‍ ദിലീപിനെ ന്യായീകരിക്കുന്നില്ല. ജയിലില്‍ കാണാന്‍ വേണ്ടി ഞാന്‍ സ്വന്തം നിലയ്ക്ക് പോയതല്ല. സുരേഷ് കൃഷ്ണയ്ക്ക് ഒപ്പമാണ് പോയത്. കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. ജയിലിന് പുറത്തു നില്‍ക്കുന്നത് കണ്ട് ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ ആണ് അകത്തു കയറിയത്. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് അന്ന് ചെയ്തത്. ഭയപ്പെടുത്താന്‍ നോക്കേണ്ട’- രഞ്ജിത്ത് പ്രതികരിച്ചു.