2020-21 വർഷത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രത തകർന്നു; സിഎജി റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: 2020-21 വർഷത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രത തകർന്നെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ വാർഷിക റിപ്പോർട്ട്. സുസ്ഥിര സാമ്പത്തിക സൂചകങ്ങളായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ച പരിധികളെല്ലാം കവിഞ്ഞുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കർശന സാമ്പത്തിക അച്ചടക്കവും വരുമാന വർദ്ധനയ്ക്ക് യുക്തിപൂർവ്വമായ നടപടികളും സ്വീകരിച്ചില്ലെങ്കിൽ ധനസ്ഥിതി കൂടുതൽ അപകടസ്ഥിതിയിലേക്ക് മാറുമെന്ന മുന്നറിയിപ്പും റിപ്പോർട്ട് മുന്നോട്ടുവെയ്ക്കുന്നു.

സംസ്ഥാനം അംഗീകരിച്ച ധന ഉത്തരവാദിത്വ നിയമം അനുസരിച്ച് റവന്യു കമ്മി മൊത്ത ആഭ്യന്തര ഉത്പാദനവുമായി താരതമ്യം ചെയ്തുകൊണ്ടായിരിക്കണം. എന്നാൽ സംസ്ഥാനത്ത് അത് 3.40 ശതമാനം അധികമാണിപ്പോൾ. ധനക്കമ്മി 5.40 ശതമാനത്തിലെത്തുകയും പൊതുകടം മൊത്തവരുമാനത്തിന്റെ 39.87% ആയി ഉയരുകയും ചെയ്തു. 758941.60 കോടി രൂപയാണ് 2020-21 വർഷത്തിൽ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം.

അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേന്ദ്രസഹായം ഉയർന്നതിനാലാണ് സംസ്ഥാനത്തെ മൊത്ത റവന്യു വരുമാനം 758942 കോടിയിലെങ്കിലും എത്തിക്കാൻ കഴിഞ്ഞത്. 31068.28 കോടി രൂപയാണ് കേന്ദ്ര സഹായമായി ലഭിച്ചത്. എന്നാൽ ഈ സമയത്തെ റവന്യു ചെലവിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2016-17 ൽ 91096.31 കോടി രൂപയായിരുന്ന റവന്യു ചെലവ് 2020-21 ൽ 123446.33 കോടി രൂപയായി ഉയർന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.