കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം എം മണിയെ കുറ്റവിമുക്തനാക്കി. കേസിൽ മൂന്ന് പ്രതികളെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. മണിയുടെ വിടുതൽ ഹർജി അംഗീകരിച്ചാണ് മൂന്നുപേരെയും കുറ്റമുക്തരാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഒ.ജി.മദനനൻ, പാമ്പുപാറ കുട്ടൻ എന്നിവരാണ് കുറ്റവിമുക്തരാക്കപ്പെട്ട മറ്റുള്ളവർ.
1982 നവംബർ 13 നാണ് ബേബി അഞ്ചേരി കൊല്ലപ്പെട്ടത്. യൂത്ത് കോൺഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റുമായിരുന്ന ബേബി സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം മോഹൻദാസ് വധക്കേസിലെ മൂന്നാം പ്രതിയുമായിരുന്നു.
ഇടുക്കി ജില്ലയിലെ മണക്കാട് വച്ച് എം എം മണി 2012 മേയ് 25-ന് നടത്തിയ വൺ ടു ത്രീ പ്രസംഗത്തോടെയാണ് കേസിൽ പുനരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്. ബേബി അഞ്ചേരിക്കൊപ്പം മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ തുടങ്ങിയവരുടെ കൊലപാതകത്തെ കുറിച്ചും എം എം മണി പരാമർശിച്ചിരുന്നു.
കേസിൽ വിടുതൽ ഹർജിയുമായി മണി നേരത്തെ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത് കോടതി തള്ളിയതോടെയാണ് അപ്പീൽ ഹർജിയുമായി മണി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം നീതി കിട്ടിയെന്നും താൻ അഞ്ചേരി ബേബിയെ കണ്ടിട്ടുപോലുമില്ലെന്നും ഹൈക്കോടതി വിധിയിക്ക് പിന്നാലെ മണി പ്രതികരിച്ചു. നീതി നിഷേധമെന്നായിരുന്നു ബേബിയുടെ സഹോദരന്റെ പ്രതികരണം. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

