തിരുവനന്തപുരം: കെ റെയിലിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെ റെയിലിൽ സർക്കാരിനെ നിലപാട് അറിയിക്കുമെന്നും ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാരിൽ വിശ്വാസമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, പ്രതിഷേധ പ്രകടനങ്ങൾക്ക് എതിരെയുള്ള പൊലീസ് നടപടിയ്ക്ക് നേരെ ഗവർണർ വിമർശനം ഉന്നയിച്ചു.
സ്ത്രീകളെ കയ്യേറ്റം ചെയ്തത് അംഗീകരിക്കാനാകില്ല. സ്ത്രീകളല്ല ആർക്കെതിരെയും അതിക്രമം പാടില്ല. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് സംസ്ഥാനത്ത് ഭരിക്കുന്നത്. ആ സർക്കാർ ജനങ്ങളോട് നിർവികാരപരമായി പ്രവർത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് കല്ലായിയിലും കെ റെയിലിനെതിരെ ഇന്ന് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. കല്ലായിൽ ഉദ്യോഗസ്ഥർ കല്ലിടാനെത്തിയപ്പോൾ വലിയ പ്രതിഷേധമാണ് ഉണ്ടായത്. തുടർന്ന് പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉണ്ടായി. ഉന്തും തള്ളും നടന്നതിന് പിന്നാലെ സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വെടിവച്ച് കൊന്നാലും മാറില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

