ഈ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ആണോ ഉപയോഗിക്കുന്നത്?

റഷ്യയുടെ കാസ്പെര്‍സ്‌കി നിര്‍മ്മിക്കുന്ന ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കരുതെന്ന് ജര്‍മ്മന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ ബി.എസ്.ഐയുടെ മുന്നറിയിപ്പ്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ കാസ്പെര്‍സ്‌കി ഉപയോഗിച്ച് റഷ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.

റഷ്യ-യുക്രൈന്‍ യുദ്ധം ജര്‍മ്മനി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നതിനാല്‍ സൈബര്‍ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ജര്‍മ്മനിയുടെ വാദം. യുദ്ധത്തിന് മുമ്പ് തന്നെ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരെ ജര്‍മ്മനി ആരോപണം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, റഷ്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് കാസ്പെര്‍സ്‌കി നേരത്തെ വ്യക്തമാക്കിയിരുന്നു.