കൊച്ചി: ദേശീയ പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് തടഞ്ഞ് ഹൈക്കോടതി. സിഐടിയു, ഐഎൻടിയുസി അടക്കമുള്ള 5 തൊഴിലാളി യൂണിയനുകളുടെ സമരമാണ് കോടതി തടഞ്ഞത്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നൽകിയ ഹർജിയിലാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ബെന്നി പി തോമസ് ആണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ. പ്രതിരോധം, വ്യോമയാനം, സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ള അവശ്യ മേഖലകളിലെ ഇന്ധന വിതരണം എന്നിവയെല്ലാം പണിമുടക്ക് ഉണ്ടായാൽ തടസ്സപ്പെടുമെന്ന് അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കൺവൻഷൻ ദേശീയ പണിമുടക്ക് നടത്തുന്നത്. മാർച്ച് 28 നും 29 നുമാണ് പണിമുടക്ക്.
ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി.യും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പണിമുടക്ക് ദിവസം സർക്കാർ ഉദ്യോഗസ്ഥർക്കടക്കം ഹാജർ നിർബന്ധമാക്കണമെന്നും ഡയസ് നോൺ പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

