കൂടുതൽ സമ്മർദം ചെലുത്താനൊരുങ്ങി ജി 23 നേതാക്കൾ; വീണ്ടും യോഗം ചേർന്നു

ന്യൂഡൽഹി: വീണ്ടു യോഗം ചേർന്ന് ജി 23 നേതാക്കൾ. മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ വസതിയിലാണ് യോഗം ചേർന്നത്. 24 മണിക്കൂറിനിടെ ഇതു രണ്ടാം തവണയാണ് ജി 23 നേതാക്കളുടെ യോഗം ചേരുന്നത്. കപിൽ സിബൽ, ആനന്ദ് ശർമ, ഭൂപീന്ദർ ഹൂഡ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

നേതൃത്വത്തിൽ കൂടുതൽ സമ്മർദം ചെലുത്തുന്നതിനായി നിർണായക നീക്കങ്ങൾ ജി 23 നേതാക്കൾ നടത്തുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ജി 23 നേതാക്കളുടെ നീക്കത്തിനെതിരെ കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി രംഗത്തെത്തിയിട്ടുണ്ട്. ചില നേതാക്കൾ പാർട്ടിക്കെതിരെ പ്രസ്താവനകളിറക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സോണിയ ഗാന്ധി എല്ലാ കോൺഗ്രസ് നേതാക്കളെയും കാണാൻ തയാറാണ്. ഒരുമിച്ചു പോരാടേണ്ട സമയത്താണു ചില നേതാക്കൾ പാർട്ടിക്കെതിരെ പറയുന്നത്. അവർക്കു ശരിയായ ഉദ്ദേശമായിരുന്നു ഉള്ളതെങ്കിൽ എന്തുകൊണ്ട് സോണിയ ഗാന്ധിയുമായി നേരിട്ടു സംസാരിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയ കക്ഷികൾക്ക് ഉയർച്ചയും താഴ്ചയുമുണ്ടാകും. അതിനു ലഹളയെന്ന് അർഥമില്ലെന്നും അധീർ രഞ്ജൻ ചൗധരി കൂട്ടിച്ചേർത്തു.