ഒടുവില്‍ സമ്മതിച്ചു; നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊതുവിപണിയില്‍ വന്‍ വിലക്കയറ്റമെന്ന് നിയമസഭയില്‍ ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സപ്ലൈക്കോ ഉള്‍പ്പെടെയുള്ളവയിലെ വിലയേക്കാള്‍ ചില നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊതുവിപണിയില്‍ ഇരട്ടി വില ഈടാക്കുന്നുവെന്ന് നിയമസഭയില്‍ സമ്മതിച്ച് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. വിലക്കയറ്റം ഇനിയും ഉണ്ടാകാമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ സപ്ലൈക്കോയില്‍ 75 രൂപക്ക് ലഭിക്കുന്ന മുളകിന് 225 രൂപ വരെയും, 72 രൂപയുടെ മല്ലിക്ക് 136 രൂപ വരെയും, 65 രൂപയുടെ തുവരപരിപ്പിന് 112 രൂപയും, 60 രൂപയുടെ പയറിന് 110 രൂപ വരെയും പൊതു വിപണിയില്‍ ഈടാക്കുന്നുണ്ട്. വിലക്കയറ്റത്തില്‍ റോജി എം. ജോണ്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

അതേസമയം, വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. സാധനങ്ങള്‍ കരിഞ്ചന്തയില്‍ പൂഴ്ത്തുന്നത് തടയാനാവുന്നില്ല. സപ്ലൈക്കോ നല്‍കുന്ന സബ്‌സിഡ് ഫലപ്രദമാവുന്നില്ല. വിലക്കയറ്റം നിയന്ത്രിക്കാന്‍ പ്രൈസ് മോണിറ്ററിംഗ് സിസ്റ്റം സര്‍ക്കാരിനുണ്ടാകണമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. പല സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് സാധനങ്ങള്‍ ഇല്ലെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ കിറ്റും നിര്‍ത്തലാക്കിയെന്നും പ്രതിപക്ഷം ഒന്നടങ്കം ആരോപിച്ചു.