ഇന്ത്യന്‍ മിസൈല്‍ പാകിസ്താനില്‍ പതിച്ച സംഭവം; പാകിസ്താന് തിരിച്ചടിക്കാന്‍ പദ്ധതിയുണ്ടായിരുന്നെന്ന്‌ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാകിസ്താനില്‍ ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പതിച്ച സംഭവത്തില്‍ ഇന്ത്യയെ തിരിച്ചടിക്കാനായി പാകിസ്താന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് ഒമ്പതിനാണ് ഇന്ത്യയുടെ മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിക്കപ്പെടുകയും പാകിസ്താനില്‍ ചെന്ന് പതിക്കുകയും ചെയ്തത്. വിഷയം സംബന്ധിച്ച് പതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, ഇതിന് സമാനമായ മിസൈല്‍ ഇന്ത്യയിലേക്ക് വിക്ഷേപിക്കാന്‍ പാകിസ്താന്‍ തയ്യാറെടുത്തിരുന്നുവെന്നും പിന്നീട് ഈ നീക്കത്തില്‍ നിന്ന് പാകിസ്താന്‍ പിന്‍മാറുകയായിരുന്നെന്നുമാണ്‌ വാര്‍ത്താ ഏജന്‍സി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്.

‘2022 മാര്‍ച്ച് 9-ന്, പതിവ് അറ്റകുറ്റപ്പണികള്‍ക്കിടെ, സാങ്കേതിക തകരാറ് മൂലം ഒരു മിസൈല്‍ ആകസ്മികമായി വിക്ഷേപിക്കപ്പെട്ടു. മിസൈല്‍ പാകിസ്താന്റെ പ്രദേശത്താണ് പതിച്ചെന്നാണ് അറിയുന്നത്. സംഭവം അങ്ങേയറ്റം ഖേദകരമാണ്. അപകടത്തില്‍ ജീവഹാനി സംഭവിച്ചിട്ടില്ലെന്നത് ആശ്വാസം പകരുന്നു’, രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ച് ഒമ്പതിന് പഞ്ചാബിലെ അംബാലയില്‍ നിന്നാണ് ഇന്ത്യന്‍ വ്യോമസേന അബദ്ധത്തില്‍ ബ്രഹ്മോസ് മധ്യദൂര ക്രൂയിസ് മിസൈല്‍ പാകിസ്താനില്‍ വിക്ഷേപിച്ചത്. ചില വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയെങ്കിലും ആളപായമില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.