വാര്‍ഡുകളില്‍ തെരുവു വിളക്ക് വിതരണത്തില്‍ രാഷ്ട്രീയ വിവേചനം; തിരുവനന്തപുരം നഗരസഭക്കെതിരെ ബിജെപി ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ രാഷ്ട്രീയ വിവേചനത്തോടുകൂടിയാണ് തെരുവ് വിളക്കുകള്‍ വിതരണം ചെയ്യുന്നതെന്ന് ബിജെപി. സംഭവത്തില്‍ നഗരസഭാ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ബിന്ദു ജാസ്മിനെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു.

സി.പി.എം ഭരിക്കുന്ന വാര്‍ഡുകളായ ഇടവക്കോട്, ഞാണ്ടൂര്‍ക്കോണം, ശ്രീകാര്യം തുടങ്ങിയ വാര്‍ഡുകളില്‍ 50 വീതം എല്‍.ഇ.ഡി ലൈറ്റുകള്‍ വിതരണം ചെയ്തപ്പോള്‍, റോഡിന്റെ എതിര്‍വശത്തുള്ള ചെല്ലമംഗലം, പൗഡിക്കോണം, ചെമ്പഴന്തി എന്നീ വാര്‍ഡുകളില്‍ ഒരു ലൈറ്റ് പോലും നല്‍കാന്‍ ഭരണസമിതി തയ്യാറായില്ലെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ലൈറ്റുകള്‍ വിതരണം ചെയ്യുന്നതിന്റെ ലിസ്റ്റ് മേയര്‍ പറഞ്ഞതനുസരിച്ചാണ് തയ്യാറാക്കിയതെന്ന് ബിന്ദു ജാസ്മിന്‍ പറഞ്ഞതായും ബി.ജെ.പി കൗണ്‍സിലമാര്‍ വിശദീകരിച്ചു.

ബി.ജെ.പി ഭരിക്കുന്ന വാര്‍ഡുകളില്‍ മരാമത്ത് പണികളില്‍ പോലും പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളാണ് നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്‌. ഇതില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ കൗണ്‍സിലര്‍മാര്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍.ഗോപന്‍ അറിയിച്ചു.