മത്സരാധിഷ്ടിതമായ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ജോലിയാണെങ്കിലും വ്യക്തിപരമായ ജീവിതമാണെങ്കിലും മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ഇന്ന് കാര്യങ്ങളുടെ പോക്ക്. അതിനാൽ തന്നെ പല മാനസിക സമ്മർദ്ദങ്ങളും ഇന്ന് മനുഷ്യർക്ക് അനുഭവപ്പെടാറുണ്ട്. മാനസിക സമ്മർദ്ദങ്ങൾ പലപ്പോഴും ശരീരത്തേയും പ്രതികൂലമായി ബാധിക്കാറുണ്ട്. വിരസത, നിരാശ, വിഷാദം, തളർച്ച എന്നിങ്ങനെയുള്ള വിഷമതകളെല്ലാം നേരിടാനിടയുണ്ട്.. ഇത്തരം പ്രശ്നങ്ങളെയെല്ലാം അതിജീവിക്കാനുള്ള ചില പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം.
- ശരിയായ ഉറക്കം
ഇത്തരം അനുഭവങ്ങളിൽ കൂടി കടന്നുപോകുന്നവർ ഉറക്കം മാറ്റിവയ്ക്കരുത്. എട്ട് മണിക്കൂറെങ്കിലും ഇവർ ഉറങ്ങണം. തുടർച്ചയായി, ആഴത്തിലുള്ള ഉറക്കം നേടാൻ പതിവായി ശ്രദ്ധിക്കണം. ഉറക്കം ഉറപ്പുവരുത്താൻ അതിന് സഹായകമാകുന്ന ഉപകരണങ്ങളും ഉപയോഗിക്കാം. ഉറക്കമില്ലായ്മ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള ശ്രമവും നടത്തേണ്ടതുണ്ട്.
- യാത്ര പോകൽ
വിരസതയും മടുപ്പും മാറ്റാൻ ഏറെ സഹായകമാണ് യാത്ര പോകുന്നത്. പ്രിയപ്പെട്ടവർക്കൊപ്പം ചെറുതോ വലുതോ ആയ യാത്രകൾ ഇടയ്ക്ക് ചെയ്യാം. തനിച്ച് യാത്ര ചെയ്യുന്നത് ഇഷ്ടമാണെങ്കിൽ അങ്ങനെയും പോകാം.
- യോഗ, നടത്തം
സമ്മർദ്ദങ്ങളകറ്റാൻ യോഗ, വ്യായാമം, നടത്തം എന്നിങ്ങനെയുള്ള പരിശീലനങ്ങളെല്ലാം ചെയ്യാം. ഒരുപരിധി വരെ ഇതിലൂടെ സ്ട്രെസ് അകറ്റാൻ കഴിയും.
- അഭിരുചിയ്ക്ക് അനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യാം
മാനസിക സമ്മർദ്ദം കുറയ്ക്കാൻ ജോലിക്ക് പുറമെ മറ്റെന്തെങ്കിലും കാര്യങ്ങളിൽ കൂടി വ്യാപൃതരാകാം. സ്വന്തം അഭിരുചിക്ക് അനുസരിച്ചുള്ള കാര്യങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ചിത്രരചന, എഴുത്ത്, വായന, ഉദ്യാന പരിപാലനം,, സംഗീതാഭ്യാസം, നൃത്താഭ്യാസം തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യാം. പാട്ട് കേൾക്കുന്നതും സിനിമ കാണുന്നതും ഇഷ്ടമുള്ള വ്യക്തികളോട് സംസാരിക്കുന്നതുമെല്ലാം നല്ലതാണ്.

