മോസ്‌കോ: അമേരിക്കക്കെതിരെ നടപടിയുമായി റഷ്യ. അമേരിക്കൻ പ്രസിഡന്റ് ജോർജ് ബൈഡനും സ്റ്റേറ്റ് ഒഫ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഉൾപ്പെടെ 13 അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ റഷ്യ ഉപരോധം ഏർപ്പെടുത്തി. പ്രതിരോധ സെക്രട്ടറി എ. ഓസ്റ്റിനും റഷ്യ ഉപരോധം ഏർപ്പെടുത്തിയവരുടെ പട്ടികയിലുണ്ട്. ഉപരോധമേർപ്പെടുത്തിയവരുടെ പട്ടികയിലുള്ള 13 പേർക്ക് റഷ്യയിലേക്ക് പ്രവേശിക്കാനും കഴിയില്ല. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾക്ക് ഉപരോധവും വിലക്കുകളും ബാധകമാകില്ലെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഉപരോധ പട്ടികയിലുള്ള ഏതെങ്കിലും വ്യക്തിക്ക് ചർച്ചകൾക്കും മറ്റുമായി റഷ്യയിൽ വരേണ്ടി വന്നാൽ വിഷയത്തിന്റെ ഗൗരവും അപ്പോഴത്തെ സ്ഥിതിയും അനുസരിച്ച് തീരുമാനമെടുക്കാമെന്നും റഷ്യ വ്യക്തമാക്കി.
യുക്രൈനിൽ സൈനിക നടപടി തുടരുമെന്നും യുക്രെയിൻ പോരാട്ടം നിർത്തിയാൽ മാത്രമേ തങ്ങൾ പിന്മാറൂവെന്നും നേരത്തെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അറിയിച്ചിരുന്നു. എന്നാൽ, സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നേരിട്ടുള്ള ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കുക എന്നതാണ് തങ്ങളുടെ സംഘത്തിന്റെ പ്രധാന ദൗത്യമെന്ന് യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി പറഞ്ഞു.

