അമരാവതി: രാധാ കൃഷ്ണ കുമാറിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനായ ചിത്രം ‘രാധേശ്യാമി’ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളില്‍ മനംനൊന്ത് ആരാധകന് ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയായ രവി തേജയാണ് ജീവനൊടുക്കിയത്. ചിത്രം കണ്ടതിന് ശേഷം ആളുകള്‍ നല്കിയ മോശം പ്രതികരണമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ പ്രതികരണം.
സിനിമ കണ്ട് വീട്ടിലെത്തിയ ശേഷം രവി തേജ മോശം അഭിപ്രായമാണ് പങ്കുവെച്ചതെന്ന് അമ്മ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇയാളെ വീടിനുള്ളിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുര്‍ണൂലിലെ ദിവസ വേതന തൊഴിലാളിയാണ് രവി തേജ.
കഴിഞ്ഞ മാര്‍ച്ച് 11നായിരുന്നു രാധേശ്യാം പുറത്തിറങ്ങിയത്. മൂന്ന് വര്‍ഷം കൊണ്ടാണ് ചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഏകദേശം 350 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യന് എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിലെത്തുന്നത്.

