നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഏലയ്ക്ക. വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി ഏലയ്ക്കയിലുണ്ട്. പ്രോട്ടീനുകളാലും ആരോഗ്യകരമായ കൊഴുപ്പുകളാലും സമ്പന്നമാണ് ഏലയ്ക്ക. ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ മൂന്നോ നാലോ ഏലയ്ക്ക ചേർക്കണമെന്നാണ് ആയുർവേദ വിദഗ്ധ ഡോ. ദിക്‌സ ഭാവസർ ചൂണ്ടിക്കാട്ടുന്നത്.
അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്ക സഹായിക്കുന്നുവെന്നും ദിക്‌സ ഭാവസർ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഏലയ്ക്കായുടെ ഗുണങ്ങൾ വിശദമാക്കിയത്.
കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ കൊഴുപ്പ് കുറയ്ക്കാനായി ഏലയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഏലയ്ക്കായിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഏലയ്ക്ക സഹായിക്കും. ഇരുമ്പിന്റെ സമ്പന്നമായ ഉറവിടം കൂടിയാണ് ഏലയ്ക്ക. തലകറക്കം, അലസത തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങളെ ചെറുക്കാൻ ഏലയ്ക്ക നല്ലതാണ്. ശരീരത്തിലെ കോശങ്ങളിൽ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കാനും ഏലയ്ക്ക സഹായിക്കുന്നു.

