തിരുവനന്തപുരം: എച്ച്.എൽ.എൽ ലേലത്തിൽ കേരളം പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ എതിർപ്പ് തള്ളിയാണ് കേരളം എച്ച്.എൽ.എൽ ലേലത്തിൽ പങ്കെടുക്കുന്നത്. ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാരിനായി കെ.എസ്.ഐ.ഡി.സി താത്പര്യ പത്രം നൽകി. കേരളത്തിലുള്ള എച്ച്.എൽ.എൽ ആസ്തികൾക്കായുള്ള ലേലത്തിലാണ് കേരളം പങ്കെടുക്കുന്നത്. സംസ്ഥാനത്തിന് ലേലത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നായിരുന്നു നേരത്തെ കേന്ദ്രം അറിയിച്ചിരുന്നത്. കേന്ദ്ര നിലപാട് തള്ളിയാണ് സംസ്ഥാനം ലേലത്തിൽ പങ്കെടുക്കുന്നത്. സർക്കാരിന് നേരിട്ട് 51 ശതമാനം ഓഹരിയുള്ള സ്ഥാപനങ്ങൾ വാങ്ങുന്നതിൽ സർക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങൾക്കും അനുമതിയില്ലെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
പൊതുമേഖലാ ആസ്തികൾ വിറ്റഴിച്ച് ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ എച്ച്എൽഎൽ വിൽക്കുന്നത്. രാജ്യത്ത് ലൈഫ്കെയർ ഉത്പന്നങ്ങളുടെ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണിത്. 51 ശതമാനം ഓഹരിയാണ് കേന്ദ്ര സർക്കാരിന് ഈ സ്ഥാപനത്തിലുള്ളത്. 5375 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ ടേൺ ഓവർ. വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന മിനി രത്ന പദവിയിലുള്ള കമ്പനിയാണിത്. കമ്പനി വിൽക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ എതിർപ്പുമായി ആദ്യം കേരളം രംഗത്തെത്തിയിരുന്നു.
എന്നാൽ, കമ്പനി വിൽക്കണമെന്ന തീരുമാനവുമായി കേന്ദ്രം മുന്നോട്ടു പോയതോടെ ലേലത്തിൽ പങ്കെടുത്ത് കമ്പനി ഏറ്റെടുക്കാൻ കേരളം തീരുമാനിക്കുകയായിരുന്നു.

