സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതി അതിവേഗം പ്രാവര്‍ത്തികമാക്കുകയെന്നത് പൊതുവികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
‘അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുമ്പോള്‍ ഇത്രയും പ്രയോജനമുണ്ടാകുമെന്ന കരുതിയില്ല. പ്രമേയ അവതാരകന്‍ മുതല്‍ പ്രതിപക്ഷ നേതാവ് വരെയുള്ളവരെ തുറന്ന് കാട്ടപ്പെടാന്‍ ചര്‍ച്ച ഗുണം ചെയ്തു. ഏതെല്ലാം തരത്തില്‍ ഒരു പദ്ധതിയെ ഇല്ലാതാക്കണം എന്നുള്ള മാനസികാവസ്ഥ പ്രവര്‍ത്തിച്ചുവെന്നാണ് സംസാരങ്ങള്‍ വ്യക്തമായിട്ടുള്ളത്. പദ്ധതിയെ കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഒരു കാര്യവും പറയാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ആശയ ദാരിദ്ര്യമാണ് പ്രതിപക്ഷത്തിന്. വിഷയവുമായി ബന്ധപ്പെട്ട് സമൂഹത്തിന് വേണ്ടാത്തവരെ വിളിച്ച് ചര്‍ച്ച ചെയ്തുവെന്ന വികാരം പ്രതിപക്ഷം പ്രകടിപ്പിച്ചു. ആദ്യമായല്ല ഇങ്ങനെയൊരു യോഗം. ഇത് കെ-റെയിലിന് വേണ്ടി മാത്രമല്ല. അതൊരു സംവാദന രീതിയാണ്. അതിനകത്ത് സമൂഹത്തിന്റെ പലതട്ടിലുള്ള ആളുകളും ഉണ്ടാകും. സമൂഹത്തിന്റെ ഉന്നതില്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ കഴിയാത്ത ആളുകളെ ആണ് അത്തരത്തില്‍ വിളിച്ചു ചേര്‍ത്തത്. 2016ലെ തെരഞ്ഞെടുപ്പിന് മുന്‍പ് എല്‍ഡിഎഫിന്റെ പ്രകടന പത്രിക തയാറാക്കുന്നതിന് മുന്‍പ് ഭാവി കേരളം എങ്ങനെ രൂപപ്പെടുത്തണമെന്നത് സംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ട്. 2021ലെ തിരഞ്ഞെടുപ്പിന്റെ കാലത്തും പ്രകടനപത്രിക തയാറാക്കുന്നതിന് മുന്‍പും യോഗം നടന്നു. ഇതെല്ലാം ഒരു സംവേദനത്തിന്റെ രീതിയാണ്. ഈ പദ്ധതിയില്‍ ഒരു ആശങ്കയുമില്ലെന്ന് മാത്രമല്ല പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന വികാരമാണ് സര്‍ക്കാരിനുള്ളത്. ഏത് കാലം തൊട്ടാണ് പ്രതിപക്ഷത്തിന് ഈ പദ്ധതിയോട് വിയോജിപ്പുണ്ടായത്? പദ്ധതി കേരളം മുഴുവന്‍ അംഗീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. വിവിധ കൂട്ടര് ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിലുണ്ട്. എവിടെയും പോലീസിന്റെ ഭാഗത്തു നിന്നും ഏതൊരു അതിക്രമവും ഉണ്ടായില്ല. ഒരുപാട് സ്ഥലത്ത് നാശനഷ്ടങ്ങള്‍ വരുത്തിയതിന് പുറമെ കാസര്‍ഗോഡ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങിയ തഹസില്‍ദാരെ ആക്രമിക്കുന്ന നില വരെയുണ്ടായി’- അദ്ദേഹം വ്യക്തമാക്കി.

