ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. രണ്ടുവർഷം കഴിഞ്ഞാൽ പെൻഷൻ രാജ്യത്തെവിടെയുമില്ലെന്ന് കോടതി വ്യക്തമാക്കി. വിപണി വിലയേക്കാൾ കൂടുതൽ തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ രണ്ട് വർഷം ജോലി ചെയ്യുന്നവർക്ക് ജീവിതാവസാനം വരെ പെൻഷൻ നൽകുന്ന കേരളം എന്തിന് ഡീസൽ വില വർധനവിനെതിരെ കോടതിയിൽ എത്തുന്നുവെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് അബ്ദുൽ നസീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് പരാമർശം. രാജ്യത്ത് മറ്റൊരിടത്തും രണ്ട് വർഷം സേവനം നടത്തുന്നവർക്ക് പെൻഷൻ ലഭിക്കില്ല. വിഷയത്തിലുള്ള അതൃപ്തി സംസ്ഥാന സർക്കാരിനെ അറിയിക്കാൻ കെഎസ്ആർടിസിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ഗിരിയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. കോടതിയുടെ വികാരം സർക്കാരിനെ അറിയിക്കാമെന്ന് അദ്ദേഹം ബെഞ്ചിന് ഉറപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പെൻഷൻ സ്കീമിനെ സംബന്ധിച്ച് ഇന്ന് രാവിലെ ഒരു പത്രത്തിൽ വായിച്ചതായി ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് അബ്ദുൽ നസീർ പറഞ്ഞു. രണ്ട് വർഷം ജോലി ചെയ്യുന്നവർക്ക് ജീവിതാവസാനം വരെ പെൻഷൻ നൽകാൻ കഴിയുന്ന ഒരു സംസ്ഥാനം എന്തിനാണ് ഡീസൽ വില വർധനവിനെതിരെ കോടതിയെ സമീപിക്കുന്നതെന്നാണ് കോടതി ഉന്നയിച്ച ചോദ്യം. കോടതി നോട്ടീസ് അയക്കാൻ വിസമ്മതിച്ചതിനാൽ കെഎസ്ആർടിസി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. ആവശ്യമെങ്കിൽ ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി നിർദ്ദേശിച്ചു.

