മോസ്‌കോ: വിവിധ രാജ്യങ്ങൾ റഷ്യയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചില്ലെങ്കിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പങ്കാളികളായ രാജ്യങ്ങൾക്കാണ് റഷ്യ മുന്നറിയിപ്പ് നൽകിയത്. ഇത്തരത്തിൽ ഉപരോധം തുടർന്നാൽ അത് അന്താരാഷ്ട്ര നിലയത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് റഷ്യ അറിയിച്ചു.
ഇതുസംബന്ധിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പങ്കാളികളായ രാജ്യങ്ങൾക്ക് റഷ്യ കത്തയക്കുകയും ചെയ്തു. അമേരിക്ക, കാനഡ, യൂറോപ്പ് തുടങ്ങിയ ബഹിരാകാശ സഖ്യ രാജ്യങ്ങൾക്കാണ് റഷ്യ കത്തയച്ചത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ മേധാവി ദിമിത്രി റോഗോസ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
യുക്രൈനെതിരായ റഷ്യൻ ആക്രമണത്തിന്റെ പുതിയ സാഹചര്യത്തിൽ വിലക്കിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം ഓർമ്മിപ്പിച്ച് റഷ്യൻ ബഹിരാകാശ ഏജൻസി തലവൻ നേരത്തെയും രംഗത്ത് വന്നിരുന്നു. ബഹിരാകാശ പദ്ധതികളിലുൾപ്പെടെ സഹകരണം അവസാനിപ്പിച്ചാൽ ഐഎസ്എസിനെ ആരു രക്ഷിക്കും? എന്നാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ മേധാവി ദിമിത്രി റോഗോസ് ഫെബ്രുവരി 27ന് ട്വിറ്ററിലൂടെ ചോദിക്കുന്നത്.
യുഎസ് സ്‌പേസ് ഏജൻസി നാസയും റഷ്യൻ ഏജൻസി റോസ്‌കോസ്‌മോസും, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം നടത്തിപ്പിലെ പ്രധാനികൾ. റഷ്യൻ സഹകരണം വേണ്ടെന്ന് വച്ചാൽ ഉള്ള സ്ഥിതി ഭീകരമായിരിക്കും എന്ന സൂചനയാണ് റഷ്യൻ ഏജൻസിയുടെ മേധാവി മുന്നോട്ടു വെയ്ക്കുന്നത്.

