ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചീര. പോഷകമൂല്യത്തിന്റെ കാര്യത്തിൽ ചീരയ്ക്ക് പ്രഥമ സ്ഥാനമാണുള്ളത്. കാത്സ്യം, അയൺ, വൈറ്റമിൻ എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചീരയിൽ ചുവന്ന ചീരയാണ് അധികവും കണ്ടുവരുന്നത്. നിറത്തിലും രുചിയിലും ഗുണത്തിലും എല്ലാം ചുവന്ന ചീര ഒന്നാമനാണ്. ചീര ഉപയോഗിച്ച് ജൂസ് ഉണ്ടാക്കി കുടിക്കുന്നതും വളരെ നല്ലതാണ്.
ചീരയിൽ കലോറിയുടെ അളവ് കുറവാണ് അതിനാൽ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ ഉയർന്ന പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പും ലഭിക്കാനും ചീര സഹായിക്കും. ചീരയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും മികച്ച ആരോഗ്യം നിലനിർത്തുകയും ചെയ്യും. ചീരയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യം നിലനിർത്താനും ചീര നല്ലതാണ്. ചീരയിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെ ബലത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് സഹായിക്കും.
ചീരയിലെ വിറ്റാമിൻ സി ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഫ്രീ റാഡിക്കലുകളെ ചെറുക്കാനുള്ള കഴിവും ഇതിനുണ്ട്. അങ്ങനെ യുവത്വമുള്ള ചർമ്മം നിലനിർത്താനും ചീര കഴിക്കുന്നത് ഉത്തമമാണ്.

