സുല്‍ത്താന്‍ ബത്തേരി: യുപിയിലെ സാധാരണ ജനങ്ങള്‍ നല്‍കിയ വോട്ടാണ് ബിജെപിയെ ജയിപ്പിച്ചതെന്ന് സുരേഷ്‌ഗോപി എംപി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപി ജയിച്ചത് സാധാരണക്കാരുടെയടുത്ത് എത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ അവര്‍ സ്വീകരിക്കും. കര്‍ഷകരെ സമരത്തിലേക്ക് തളളിവിട്ടവര്‍ എവിടെ? കാര്‍ഷികനിയമം പിന്‍വലിച്ചതില്‍ താന്‍ അതൃപ്തനാണ്. യു.പിയില്‍ നിന്ന് ഭയന്നോടി വയനാട്ടില്‍ അഭയംതേടിയ രാഹുല്‍ ഗാന്ധി എന്ത് പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നത്? തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും സിപിഎം എവിടെ നില്‍ക്കുന്നു? – സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപിയുടെ ആഹ്‌ളാദപ്രകടനത്തില്‍ പങ്കെടുത്തു കൊണ്ട് അദ്ദേഹം ചോദിച്ചു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിക്കാന്‍ ബത്തേരിയില്‍ എത്തിയതായിരുന്നു സുരേഷ്‌ഗോപി. പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍, വയനാട് ജില്ലാ പ്രസിഡന്റ് കെ.പി മധു എന്നിവരും വിജയാഹ്‌ളാദത്തില്‍ പങ്കെടുത്തു.

