ഓപ്പറേഷൻ ഗംഗാ ദൗത്യം പൂർണതയിലേക്ക്; യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെല്ലാം ഇന്ത്യയിലേക്ക് മടങ്ങിയെത്തി

പോളണ്ട്: യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രാജ്യത്തേക്ക് തിരികെ എത്തിക്കാനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ ഗംഗാ ദൗത്യം ഏകദേശം പൂർത്തിയായി. സുമിയിൽ നിന്നുള്ള വിദ്യാർഥികളെല്ലാം ഇന്ത്യയിലേക്ക് മടങ്ങിയതോടെയാണ് രക്ഷാ ദൗത്യം പൂർത്തിയായത്. 18000 ത്തിൽ അധികം ഇന്ത്യൻ വിദ്യാർഥികളെയാണ് കേന്ദ്ര സർക്കാർ ഓപ്പറേഷൻ ഗംഗ വഴി ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടാണ് രക്ഷാ പ്രവർത്തനം വേഗത്തിലാക്കിയത്. രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി യുക്രൈൻ പ്രസിഡന്റുമായും റഷ്യൻ പ്രസിഡന്റുമായും ചർച്ച നടത്തിയിരുന്നു.

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി അതിർത്തികളിൽ നിന്ന് വിദ്യാർഥികളെ ഇന്ത്യയിലെത്തിക്കാൻ സ്വകാര്യ വിമാനങ്ങളാണ് ആദ്യം തയാറായത്. പിന്നീട് വ്യോമ സേനയുടെ വിമാനങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. ഓപ്പറേഷൻ ഗംഗയുടെ വേഗം കൂട്ടാനും വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാനും കേന്ദ്രമന്ത്രിമാർ തന്നെ നേരിട്ട് അതിർത്തി മേഖലകളിലെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു.

തിരിച്ചെത്തിയ വിദ്യാർഥികളുടെ തുടർ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിഷയത്തെ കുറിച്ച് അടുത്ത ഘട്ടത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി മുരളീധരൻ അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചുവരാനായി രജിസ്റ്റർ ചെയ്ത ആരും ഇനി യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് വിവരം. വ്യവസായിക താത്പര്യങ്ങളും മറ്റുമുള്ള ഇന്ത്യക്കാർ ഇനിയും യുക്രൈനിലുണ്ടാകാം. അവർ തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിക്കാത്തതിനാൽ ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.