‘ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുന്നു’; പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് നവജ്യോത് സിംഗ് സിദ്ദു

sindhu

പഞ്ചാബില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച് നവ്ജ്യോത് സിംഗ് സിദ്ദു. അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് AAPയുടെ ജീവന്‍ ജ്യോത് കൗറിനോട് 5,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെട്ടത്. ‘ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്, പഞ്ചാബിലെ ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുന്നു. AAPക്ക് അഭിനന്ദനങ്ങള്‍’ എന്ന് സിദ്ദു ട്വീറ്റ് ചെയ്തു.

പഞ്ചാബിന്റെ ടൂറിസം, സാംസ്‌കാരിക മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുള്ള സിദ്ദു, അകാലിദളിന്റെ ബിക്രം സിംഗ് മജിതിയ, ഭാരതീയ ജനതാ പാര്‍ട്ടിയുടെ ജഗ്മോഹന്‍ സിംഗ് രാജു എന്നിവര്‍ക്കെതിരെയും നേരത്തെ മത്സരിച്ചിരുന്നു. ആര്‍.എല്‍. ഭാട്ടിയയെ പരാജയപ്പെടുത്തി 2004-ല്‍ ബി.ജെ.പി. ടിക്കറ്റില്‍ അമൃത്‌സറില്‍ നിന്ന് അദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006ല്‍ നരഹത്യക്കുറ്റം ചുമത്തപ്പെട്ടതിനെ തുടര്‍ന്ന് സിദ്ദു ലോക്സഭാംഗത്വം രാജിവെക്കുകയും 1988-ലെ റോഡ് അപകടവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരനാവുകയും ചെയ്തു. 2014ല്‍ ലോക്സഭയിലേക്ക് മത്സരിച്ചില്ലെങ്കിലും, 2016 ഏപ്രിലില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അദ്ദേഹത്തെ രാജ്യസഭയിലേക്ക് നിയമിച്ചു. പിന്നീട് അദ്ദേഹം രാജ്യസഭാംഗത്വവും, ബിജെപിയില്‍ നിന്നും രാജിവച്ചു.

2017 ജനുവരിയിലാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേരുന്നത്. 2017 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് 42,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. 2019-ല്‍ അന്നത്തെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള തര്‍ക്കത്തിനിടെ അദ്ദേഹം പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. 2021 ജൂലൈയില്‍ സുനില്‍ കുമാര്‍ ജാഖറിന്റെ പിന്‍ഗാമിയായി പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അദ്ദേഹത്തെ നിയമിച്ചു. എന്നാല്‍, പ്രസിഡന്റ് സ്ഥാനം രാജിവച്ചെങ്കിലും ഹൈക്കമാന്‍ഡ് അദ്ദേഹത്തിന്റെ രാജി നിരസിക്കുകയായിരുന്നു.