സന്തോഷ ദിനമെന്ന് ചെന്നിത്തല; ദുര്‍ദിനമല്ലേയെന്ന് പരിഹസിച്ച് മുഖ്യമന്ത്രി

ആലപ്പുഴ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനെയും രമേശ് ചെന്നിത്തലയെയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

ആലപ്പുഴയിലെ വലിയഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി രമേശ് ചെന്നിത്തലയെ കളിയാക്കി സംസാരിച്ചത്. ഏറെ കാത്തിരിപ്പിനൊടുവില്‍ പാലം തുറന്ന ഈ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമെന്നാണ് ചെന്നിത്തല പറഞ്ഞത്.

അതേസമയം, ‘സ്വാഗത പ്രസംഗം നടത്തുമ്പോള്‍ രമേശ് ചെന്നിത്തല പറഞ്ഞ വാക്കുകളാണ് ഓര്‍ക്കുന്നത്. നാടിന്റെ വികസന പദ്ധതികള്‍ക്ക് നാമെല്ലാവരും ഒന്നിച്ച് നില്‍ക്കണം. ഈ പാലം യാഥാര്‍ത്ഥ്യമായതില്‍ രമേശ് ചെന്നിത്തലയ്ക്ക് അഭിമാനിക്കാം. അദ്ദേഹം ഇന്ന് ഏറെ സന്തോഷമുള്ള ദിനമാണെന്ന് പറഞ്ഞു. പക്ഷേ എന്റെ കണക്കുകൂട്ടലില്‍ അദ്ദേഹത്തിന് ഇന്ന് ഒരു ദുര്‍ദിനമാണ്. അത് വേറൊരു കാര്യമാണ്. ആ കാര്യം ഇപ്പോള്‍ പരാമര്‍ശിക്കുന്നില്ല’- എന്ന് പറഞ്ഞ് മുഖ്യമന്ത്രി പരിഹസിക്കുകയായിരുന്നു.