കോഴിക്കോട്: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ പരാമർശത്തിൽ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. വർഗീസിന്റെ പരാമർശം വിവരമില്ലാത്ത രാഷ്ട്രീയക്കാരന്റെ പാഴ്വാക്കാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സി വി വർഗിസിനെതിരെ കേസെടുക്കണമെന്ന് വ്യക്തിപരമായി താൽപര്യമില്ല. എന്നാൽ കേസെടുക്കുന്നതിൽ എതിർപ്പുമില്ല. ഇടുക്കിയിലെ ധീരജിന്റെ കൊലപാതകം ഇരന്നുവാങ്ങിയത് എന്നു പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
സുധാകരന്റെ ജീവൻ സിപിഎം കൊടുക്കുന്ന ഭിക്ഷയാണെന്നായിരുന്നു സി.വി.വർഗീസിന്റെ പരാമർശം. നികൃഷ്ടജീവിയെ കൊല്ലാൻ താൽപര്യമില്ലെന്നും ചെറുതോണിയിലെ പ്രസംഗത്തിനിടെ വർഗീസ് പറഞ്ഞിരുന്നു. വർഗീസിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സംഭവത്തിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു.
തെരുവ് ഗുണ്ടയുടെ ഭാഷയിലാണ് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.പി.സി.സി അധ്യക്ഷനെതിരെ സംസാരിച്ചതെന്നും കാലന്റെ റോൾ കൈകാര്യം ചെയ്യുന്നത് തങ്ങളാണെന്ന തെറ്റിദ്ധാരണയാണ് സി.പി.എം നേതാക്കൾക്കെന്നും വി ഡി സതീശൻ പറഞ്ഞു. ഇതൊന്നും കേരളത്തിലെ കോൺഗ്രസിനു മുന്നിൽ വിലപ്പോകില്ല. കെ. സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണ് വാരിയിടാൻ കോൺഗ്രസുകാർ അനുവദിക്കില്ല. ഒരു ഭീഷണിയും വേണ്ട. ഇത് ഗുണ്ടാ രാഷ്ട്രീയമാണ്. ഒരോ ജില്ലകളിലും ഗുണ്ടകളെ സംരക്ഷിക്കുന്നത് ഇതുപോലുള്ള ജില്ലാ സെക്രട്ടറിമാരാണ്. മയക്കു മരുന്ന് സംഘങ്ങളെ വളർത്തുന്നതും സി.പി.എം നേതാക്കളാണ്. അവരുമായുള്ള ഇടപഴകൽ കൂടിയതു കൊണ്ടാണ് സി.പി.എം ജില്ലാ സെക്രട്ടറി തെരുവ് ഗുണ്ടയുടെ ഭാഷയിൽ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സുധാകരൻ നികൃഷ്ട ജീവിയാണെന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്. ഈ വാക്ക് മലയാളം നിഘണ്ടുവിന് സംഭവന ചെയ്തത് പിണറായി വിജയനാണ്. നേതാക്കൻമാരാണ് ഇത്തരത്തിൽ ഭീഷണിപ്പെടുത്താൻ താഴെത്തട്ടിലുള്ള ആളുകളെയും പ്രേരിപ്പിക്കുന്നത്. പണ്ട് താമരശേരി ബിഷപ്പിനെതിരായ പരാമർശമാണ് ഇടുക്കി ജില്ലാ സെക്രട്ടറി ഇപ്പോൾ സുധാകരനെതിരെ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം ഭീഷണികൾക്ക് മുന്നിൽ കോൺഗ്രസ് മുട്ടുമടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

