തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്ര മേള മാര്‍ച്ച് 18ന് തിരുവനന്തപുരത്ത് തുടങ്ങും. ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനെത്തുന്നത്. 15 തിയേറ്ററുകളിലായാണ് പ്രദര്‍ശനം. പതിനായിരത്തോളം പ്രതിനിധികള്‍ക്കാണ് ഇത്തവണ മേളയില്‍ പ്രവേശനാനുമതി. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉള്‍പ്പടെ എഴു പാക്കേജുകളാണ് ഇത്തവണ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ആഭ്യന്തര കലഹം കാരണം സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാന്, ബര്‍മ്മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാന് ചിത്രമായ ഡ്രൌണ്ടിംഗ് ഇന്‍ ഹോളി വാട്ടര്‍, സിദ്ദിഖ് ബര്‍മാക് സംവിധാനം ചെയ്ത ഓപ്പിയം വാര്, കുര്‍ദിഷ് ചിത്രം കിലോമീറ്റര്‍ സീറോ, മെറൂണ്‍ ഇന്‍ ഇറാഖ്, മ്യാന്മര് ചിത്രം മണി ഹാസ് ഫോര്‍ ലെഗ്സ് തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. വിവിധ അന്താരാഷ്ട്ര മേളകളില്‍ ഫിപ്രസ്കി പുരസ്കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ഫിപ്രസ്കി ക്രിട്ടിക്സ് വീക്ക് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. അന്തരിച്ച പ്രശസ്ത നടന് നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചു കൊണ്ടുള്ള റെട്രോസ്പെക്റ്റീവും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടര്‍ക്കിഷ് സംവിധായകന് എമ്ര് കയ്സ് സംവിധാനം ചെയ്ത അനറ്റോളിയന്‍ ലെപ്പേഡ്, സ്പാനിഷ് ചിത്രമായ കമീല കംസ് ഔട്ട് റ്റു നെറ്റ്, ക്ലാരാ സോള, ദിനാ അമീറിന്റെ യു റീസെമ്പിള്‍ മി, മലയാള ചിത്രമായ നിഷിദ്ധോ, ആവാസ വ്യൂഹം എന്നീ ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. തമിഴ് ചിത്രമായ കൂഴങ്ങളും പ്രദര്‍ശിപ്പിക്കും.

