തിരുവനന്തപുരം: വാഹനങ്ങള്‍ക്ക് ഇന്ധനം നിറക്കാനുള്ള പണമില്ലാതെ കേരള പോലീസ്. സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കാരണം അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാംപിലെ പമ്പില്‍ നിന്നുള്ള ഇന്ധന വിതരണം നിര്‍ത്തി വെച്ചു.
ജില്ലയിലെ പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്കിയ വകയില്‍ പെട്രോളിയം കമ്പനികള്‍ക്ക് രണ്ടരക്കോടി കുടിശിക വന്നതോടെ ഇന്ധനം നല്‍കുന്നത് കമ്പനികള്‍ അവസാനിപ്പിച്ചു. കെഎസ്ആര്‍ടിസി പമ്പുകളിലോ സ്വകാര്യ പമ്പുകളില്‍ നിന്നോ ഇന്ധനം കടം വാങ്ങണമെന്നാണ് ഡിജിപി നിര്‍ദ്ദേശിക്കുന്നത്.
അതേസമയം, 45 ദിവസത്തേക്ക് കടം നല്‍കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. 2021- 22 വര്‍ഷത്തേക്ക് ഇന്ധനത്തിന് അനുവദിച്ച തുക കഴിഞ്ഞതോടെയാണ് പോലീസ് സര്‍ക്കാരിനെ സമീപിച്ചത്. ഇന്ധന പ്രതിസന്ധി ഉണ്ടെങ്കിലും ഔദ്യോഗിക കാര്യങ്ങള്‍ മുടങ്ങരുതെന്ന് ഡിജിപി യൂണിറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യൂണിറ്റ് മേധാവിമാര്‍ അടിയന്തരമായി ബദല്‍ നടപടി സ്വീകരിക്കണമെന്നും പറഞ്ഞു.

