ന്യൂഡൽഹി: രാജ്യസഭയിലേക്ക് മത്സരിക്കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. മത്സരിക്കാനില്ലെന്ന തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചെന്നും ഇതുവരെ നൽകിയ അവസരങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും എ കെ ആന്റണി പറഞ്ഞു.
ആന്റണിയ്ക്ക് പകരമായി ആരെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള ശ്രമം കോൺഗ്രസ് ആരംഭിച്ചു. കേന്ദ്രമന്ത്രിയും മുൻ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ, ഇടത് ചേരി വിട്ട് കോൺഗ്രസിലേക്ക് എത്തിയ ചെറിയാൻ ഫിലിപ്പ്, വി ടി ബൽറാം തുടങ്ങിയ പേരുകളാണ് കോൺഗ്രസിൻരെ പരിഗണനാ പട്ടികയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിൽ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 31 നാണ് നടക്കുക. സഭയിലെ അംഗസംഖ്യ അനുസരിച്ച് രണ്ട് സീറ്റ് എൽഡിഎഫിനും ഒന്ന് യുഡിഎഫിനുമാണ് ലഭിക്കുന്നത്. മാർച്ച് 14ന് വിജ്ഞാപനം ഇറങ്ങും. മാർച്ച് 21 നാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്.

