മുംബൈ: ഓൺലൈൻ ടാക്സി ആപ്പുകളായ ഓലയ്ക്കും യൂബറിനും തിരിച്ചടി. ഓലയും യൂബറും എത്രയും വേഗം ലൈസൻസ് നേടണമെന്ന് ബോംബെ ഹൈക്കോടതി നിർദ്ദേശിച്ചു. ഓൺലൈൻ ടാക്സികളുടെ പ്രവർത്തനത്തിന് മതിയായ രേഖകളോ ലൈസൻസുകളോ ഇതുവരെയായും രൂപീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയ നടപടി. മാർച്ച് 16ന് മുമ്പ് മതിയായ ലൈസൻസുകളും രേഖകളും നേടിയെടുക്കണമെന്നാണ് കോടതി നൽകിയ നിർദ്ദേശം. ഓൺലൈൻ ടാക്സി ആപ്പുകളിൽ പരാതിപ്പെടാൻ മതിയായ സംവിധാനങ്ങളില്ലെന്ന് കാണിച്ച് അഭിഭാഷകനായ സവിനാ ക്രസ്റ്റോ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കോടതി ഉത്തരവ്.
മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സികൾക്ക് മാത്രമാണ് നിലവിൽ ഈ ഉത്തരവ് ബാധകമാകുക. എന്നാൽ ഭാവിയിൽ ഇത് രാജ്യത്തൊട്ടാകെ ബാധകമായേക്കാൻ സാദ്ധ്യതയുണ്ടെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ലൈസൻസ് നേടുന്നത് വരെ ഓൺലൈൻ ടാക്സികളെ പൂർണമായി വിലക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടില്ല. രാജ്യത്ത് ഓല, യൂബർ ടാക്സികൾ ഉപയോഗിക്കുന്ന ഒരു വലിയ കൂട്ടം ജനങ്ങൾ ഉണ്ടെന്നും ഓൺലൈൻ ടാക്സികളെ പെട്ടെന്ന് വിലക്കിയാൽ അത് വലിയ ജനങ്ങളുടെ യാത്രാക്ളേശം വർദ്ധിക്കാനും വലിയ പ്രതിഷേധങ്ങൾക്കും കാരണമായേക്കുമെന്നാണ് കോടതിയുടെ വിലയിരുത്തൽ.
ഒരിക്കൽ താൻ ബുക്ക് ചെയ്ത ഓൺലൈൻ ടാക്സി ഡ്രൈവർ തന്നെ നടുറോഡിൽ ഇറക്കിവിട്ടെന്നും അതിനുശേഷം പരാതിപ്പെടാൻ നോക്കിയപ്പോഴാണ് ഇത്തരം ആപ്പുകളിൽ പരാതി സമർപ്പിക്കാൻ വ്യക്തമായ ഒരു മാർഗമില്ലെന്ന് മനസിലാക്കിയതെന്നും ഹർജിയിൽ പറയുന്നു.

