‘ഓപ്പറേഷന്‍ ഗംഗ’ അവസാന ഘട്ടത്തിലേക്കെന്ന് ഇന്ത്യന്‍ എംബസി; ശേഷിക്കുന്നവര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം

ബുഡാപെസ്റ്റ്: റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ‘ഓപ്പറേഷന്‍ ഗംഗ’ അവസാന ഘട്ടത്തിലെത്തിയതായി ഹംഗറിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 63 വിമാനങ്ങളിലായി 13,300 വിദ്യാര്‍ഥികള്‍ ഇതുവരെ ഇന്ത്യയില്‍ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 വിമാനങ്ങള്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി സര്‍വീസ് നടത്തുകയും 2,900 പേരെ ഇന്ത്യയില്‍ എത്തിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. അടുത്ത 24 മണിക്കൂറില്‍ 13 വിമാനങ്ങള്‍ യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി രാജ്യത്തെത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ 21,000 പേര്‍ യുക്രൈനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. ഹാര്‍കിവില്‍ ഉണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും നഗരം വിട്ടിട്ടുണ്ട്. സുമിയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് ഇനി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുക. എന്നാല്‍, യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം ഇത് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. യുക്രൈനില്‍ ഇനി എത്ര ഇന്ത്യക്കാര്‍ ഉണ്ട് എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഓപ്പറേഷന്‍ ഗംഗയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവരെ എംബസി നേരിട്ട് ബന്ധപ്പെടും. ഇന്ന് ഓപ്പറേഷന്‍ ഗംഗ വിമാനത്തില്‍ ഒരു നേപ്പാള്‍ സ്വദേശിയും മടങ്ങി വരുന്നുണ്ടെന്നും മറ്റൊരു വിമാനത്തില്‍ ഒരു ബംഗ്ലാദേശിയേയും കൊണ്ടുവരുമെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളോട് ബുഡാപെസ്റ്റിലെ ഹംഗേറിയന്‍ സിറ്റിസെന്ററില്‍ എത്തിച്ചേരാനും എംബസി നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അവരവരുടെ വിവരങ്ങള്‍ ഓപ്പറേഷന്‍ ഗംഗയില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് കീവിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചിട്ടുണ്ട്.