തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉൾപ്പെടെയുളളവർ അദ്ദേഹത്തിന് അനുശോചനം അറിയിച്ചു. മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷൻ എന്ന നിലയിലും സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതസൗഹാർദ്ദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേതെന്നും രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മത നേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ഇസ്ലാമിക പണ്ഡിതനായ തങ്ങൾ അനേകം മഹല്ലുകളുടെ ഖാസി എന്ന നിലയിലും ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രവർത്തിച്ചയാളാണ് ഹൈദരലി തങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്മരിച്ചു. യുഡിഎഫ് രാഷ്ട്രീയത്തെ എന്നും മുന്നിൽ നിന്ന് നയിച്ചയാളാണ്. തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും വി.ഡി സതീശൻ അറിയിച്ചു. കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, എ കെ ആന്റണി, തുടങ്ങിയവരും അദ്ദേഹത്തിന് അനുശോചനം അറിയിച്ചു.
വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ടയാളാണ് തങ്ങളെന്ന് എ കെ ആന്റണി വ്യക്തമാക്കി. മതേതരത്വത്തിനും മതമൈത്രിയ്ക്കും വേണ്ടി നിലകൊണ്ടയാളാണ് തങ്ങളെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

