ന്യൂഡൽഹി: രാജ്യത്ത് വായു മലിനീകരണം മൂലമുള്ള മരണം രണ്ടര മടങ്ങ് വർധിച്ചതായി പഠന റിപ്പോർട്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെയുള്ള കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പി എം 2.5 മലിനീകരണം മൂലമുള്ള മരണസംഖ്യയാണ് വർധിച്ചത്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2.5 മൈക്രോമീറ്ററിന് താഴെ വലിപ്പമുള്ളതും ശ്വാസകോശത്തിനുള്ളിലേക്ക് ആഴത്തിൽ കടന്നുചെല്ലാൻ ശേഷിയുള്ളതും ചിലയവസരങ്ങളിൽ രക്തചംക്രമണത്തിൽ പ്രവേശിച്ച് ജീവന് തന്നെ ഭീഷണിയായേക്കാവുന്ന വായുവിലെ മലിനകണികകളാണ് പിഎം 2.5. 2019 ൽ സംഭവിച്ച നാലിലൊന്ന് മരണങ്ങളുടെയും കാരണം വായു മലിനീകരണമാണെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
വായു മലിനീകരണം കാരണം 2019 ൽ ലോകത്താകമാനം അറുപത് ലക്ഷത്തോളം പേരാണ് മരണപ്പെട്ടത്. വായു മലിനീകരണം മൂലം ആഗോളതലത്തിൽ നാലര ലക്ഷത്തിലേറെ ശിശുക്കൾ മരിച്ചു. ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം പേർ മരണപ്പെട്ടുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

