തട്ടിപ്പ് കേസ്; സോനാക്ഷി സിൻഹക്കെതിരെ ജാമ്യമില്ലാ വാറന്റ്

മുംബൈ: ബോളിവുഡ് നടി സോനാക്ഷി സിൻഹക്കെതിരെ തട്ടിപ്പ് കേസ്. ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂറായി പണം കൈപ്പറ്റുകയും പിന്നീട് പരിപാടിയിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തതിനാണ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 37 ലക്ഷം രൂപയാണ് പരിപാടിക്കായി താരം മുൻകൂറായി വാങ്ങിയത്. പരിപാടിയുടെ നടത്തിപ്പുകാരനായ പ്രമോദ് ശർമയാണ് സോനാക്ഷിക്കെതിരെ പരാതി നൽകിയത്.

പരിപാടിയിൽ മുഖ്യാതിഥിയായി സോനാക്ഷിയെ ക്ഷണിച്ചുവെന്നും പണം മുൻകൂറായി നൽകിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നടി പരിപാടിയിൽ പങ്കെടുത്തില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നടിയുടെ മാനേജർ അത് തിരികെ നൽകാൻ കൂട്ടാക്കിയില്ലെന്നും സോനാക്ഷിയുമായി ബന്ധപ്പെട്ടാൻ നിരവധിതവണ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് മൊറാദ്ബാദിലെ പോലീസ്റ്റ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സോനാക്ഷിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ മൊഴി രേഖപ്പെടുത്താൻ സോനാക്ഷി എത്തിയില്ല. തുടർന്ന് താരത്തിനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.