ജനീവ: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള വിദേശികളെ രക്ഷിക്കാന്‍ തയ്യാറാണെന്ന് യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തില്‍ നിലപാട് വ്യക്തമാക്കി റഷ്യ. പോളണ്ട് അടക്കമുള്ള രാജ്യങ്ങള്‍ വഴി ഇന്ത്യക്കാരെ ഒഴിപ്പിച്ചെങ്കിലും കിഴക്കന്‍ യുക്രൈനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് റഷ്യയുടെ ഈ നിര്‍ണായക പ്രഖ്യാപനം.
അതേസമയം, യുക്രൈന്‍ 3700 ഇന്ത്യന്‍ പൗരന്മാരെ കര്‍ക്കീവ്, സൂമി നഗരങ്ങളില്‍ ബന്ദികളാക്കി വെച്ചിരിക്കുകയാണെന്ന് റഷ്യന്‍ പ്രതിനിധി ആരോപിച്ചു. ഇന്ത്യയില്‍ നിന്നുള്ള 3189 പേരും വിയറ്റ്‌നാം സ്വദേശികളായ 2700 പേരും 202 ചൈനക്കാരും കര്‍ക്കീവിലുണ്ടെന്നും റഷ്യ ആരോപിച്ചു. സുമിതില്‍ 576 ഇന്ത്യക്കാര്‍, ഘാന സ്വദേശികളായ 101 പേര്‍ 121 ചൈനക്കാര്‍ എന്നിങ്ങനെയുമാണ് വിദേശികളുടെ എണ്ണം. ഇവരെ ഉടനടി പുറത്തെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും റഷ്യ വ്യക്തമാക്കി. അനുമതി ലഭിച്ചാല്‍ നെഖോടീവ്ക, സുഡ്ജ അതിര്‍ത്തികള്‍ വഴി യുക്രൈനിലെത്തി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ രക്ഷിക്കാനാകുമെന്നും റഷ്യന്‍ പ്രതിനിധി പറഞ്ഞു. ചെക്ക് പോയിന്റുകളില്‍ വിശ്രമത്തിനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങളുണ്ടാകുമെന്നും ഇവിടെ തയ്യാറാക്കുന്ന മെഡിക്കല്‍ സ്റ്റേഷനുകളില്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങളുണ്ടാകുമെന്നും റഷ്യ അറിയിച്ചു. എല്ലാവരെയും ബെല്‍ഗോറോഡില്‍ എത്തിച്ച ശേഷം വ്യോമമാര്‍ഗം മടക്കിയയക്കുമെന്നും റഷ്യ വ്യക്തമാക്കി.
എന്നാല്‍, ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈന്‍ ബന്ദികളാക്കിയെന്ന റഷ്യയുടെ ആരോപണം വിദേശകാര്യ മന്ത്രാലയം തളളി. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദാം ബാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു.

