ഡിജിപിയുടെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് സന്ദേശം; അധ്യാപികയില്‍ നിന്ന് തട്ടിയത് 14 ലക്ഷം രൂപ

കൊല്ലം: സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ടിലൂടെ തട്ടിപ്പ്. കൊല്ലം ജില്ലയിലെ അദ്ധ്യാപികയില്‍ നിന്നും ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞ് പതിനാല് ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. സമ്മാനത്തുക നല്‍കുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നല്‍കണമെന്നും വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു.

തിരിച്ചു സന്ദേശമയച്ചതിന് പിന്നാലെ ഡിജിപിയുടെ ഫോട്ടോ വച്ചുകൊണ്ട്, ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി ഒരു സന്ദേശം കൂടി ലഭിച്ചു. താന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് അധ്യാപിക പോലീസ് ആസ്ഥാനത്തേക്ക് വിളിക്കുകയും ഡിജിപി ഡല്‍ഹിയിലാണെന്ന മറുപടി ലഭിക്കുകയും ചെയ്തപ്പോള്‍ വാട്സാപ്പ് സന്ദേശത്തില്‍ പറഞ്ഞത് പ്രകാരം പണം അയച്ചുകൊടുക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.