തൊടുപുഴ: ചരിത്രത്തിൽ ആദ്യമായി ഇടുക്കിൽ വിമാനം പറന്നിറങ്ങിയേക്കും. പിണറായി സർക്കാരിന്റെ ഒന്നാം വർഷികത്തോടനുബന്ധിച്ചാണ് ഇടുക്കിയിൽ വിമാനം ഇറക്കാൻ പദ്ധതിയിടുന്നത്. എൻസിസി കേഡറ്റുകൾക്ക് പരിശീലനത്തിനായി വണ്ടിപ്പെരിയാറിലെ സത്രത്തിൽ പണിയുന്ന എയർ സ്ട്രിപ്പിലാണ് ചെറുവിമാനം ഇറക്കുക.
നിലവിൽ ഇതിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. പൊതുമരാമത്ത് വകുപ്പിനാണ് എയർ സ്ട്രിപ്പിന്റെ നിർമ്മാണ ചുമതല. രാജ്യത്ത് ആദ്യമായാണ് പൊതുമരാമത്ത് വകുപ്പ് എയർ സ്ട്രിപ്പ് നിർമ്മിക്കുന്നത്. എൻസിസിയുടെ എയർ വിംഗ് കേഡറ്റുകൾക്ക് സൗജന്യമായി പരിശീലനം നൽകുന്നതിനാണ് സത്രത്തിൽ എയർസ്ട്രിപ്പ് നിർമ്മിക്കുന്നത്. 2017 മെയ് മാസത്തിലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്.
വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് പദ്ധതി മന്ദഗതിയിലാണ് പുരോഗമിച്ചിരുന്നത്. റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്താണ് നിർമ്മാണം നടക്കുന്നത്. 650 മീറ്റർ റൺവേയുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. വിമാനങ്ങൾ പാർക്കു ചെയ്യാനുള്ള ഹാംഗറിന്റെ പണികൾ അവസാന ഘട്ടത്തിലാണ്. അടിയന്തര സാഹചര്യത്തിൽ രാത്രിയിലും വിമാനമിറക്കാൻ റൺവേ ലൈറ്റിംഗ് ഉടൻ ആരംഭിക്കും. ഇതിനു ശേഷം റൺവേയുടെ ഇരു ഭാഗത്തെയും ടാറിംഗ് തുടങ്ങും.വൈറസ് എസ്ഡബ്ല്യു- 80 വിഭാഗത്തിലുള്ള രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന നാലു വിമാനങ്ങൾ ഇവിടേക്ക് എൻസിസി അനുവദിച്ചിട്ടുണ്ട്.

