മോസ്കോ: നാറ്റോയ്ക്ക് മുന്നറിയിപ്പുമായി റഷ്യ. യുക്രൈന് ആയുധങ്ങൾ കൈമാറുന്നത് തുടരുന്ന സാഹചര്യത്തിൽ, നാറ്റോ സഖ്യവുമായി ഹിതകരമല്ലാത്തതൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പു പറയാനാകില്ലെന്ന് റഷ്യ വ്യക്തമാക്കി. റഷ്യൻ ഉപവിദേശകാര്യ മന്ത്രി അലക്സാണ്ടർ ഗ്രുഷ്കോയാണ് നാറ്റോയ്ക്ക് മുന്നറിയിപ്പ് നൽകി രംഗത്തെത്തിയത്.
ആയുധ വിതരണ പരിപാടികൾ സംബന്ധിച്ച് തങ്ങൾക്ക് കടുത്ത ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ എല്ലാം വളരെ അപകടകരമാണ്. നാറ്റോയുമായി സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
യുക്രൈനും റഷ്യയും തമ്മിലുള്ള പ്രശ്നത്തിൽ സൈനികപരമായി നേരിട്ട് നാറ്റോ ഇടപെടാത്തത് അവരിൽ കുറച്ച് വിവേകം അവശേഷിക്കുന്നു എന്നതു കൊണ്ടാണെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. യുക്രൈൻ സംഘർഷത്തിൽ നേരിട്ട് ഇടപെടാനില്ലെന്ന് നാറ്റോ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നാറ്റോ സഖ്യരാജ്യങ്ങൾ യുക്രൈന് ആയുധങ്ങൾ കൈമാറുന്നുണ്ടെന്നാണ് റഷ്യയുടെ ആരോപണം.

