തിരുവനന്തപുരം വിമാനത്താവളത്തില്‍ വിശാലമായ ഡ്യൂട്ടി ഫ്രീ ഷോപ്പുമായി അദാനി; ഉദ്ഘാടനം ഏപ്രിലില്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിശാലമായ ഡ്യൂട്ടി ഫ്രീ ഷോപ്പ് ഏപ്രിലില്‍ തുറക്കും. ദുബായ് ആസ്ഥാനമായ ഫ്‌ലെമിംഗ് ഗോയും അദാനിയുമായി ചേര്‍ന്നുണ്ടാക്കിയ സംയുക്ത കമ്പനിയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവര്‍ത്തിപ്പിക്കുക. നാലു വര്‍ഷമായി വിമാനത്താവളത്തില്‍ അടഞ്ഞു കിടക്കുന്ന ചെറിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആണ് ലോകനിലവാരത്തില്‍ പുതുക്കിപ്പണിയാനൊരുങ്ങുന്നത്. കസ്റ്റംസ് ലൈസന്‍സ് ഉടന്‍ തന്നെ ലഭിക്കും.

13,000 യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ 6 കോടി രൂപയുടെ മദ്യക്കടത്ത് നടത്തിയതിന് സി.ബി.ഐ കേസെടുത്തതിനെത്തുടര്‍ന്ന്‌ പ്ലസ് മാക്‌സ് നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് അടച്ചു പൂട്ടുകയായിരുന്നു. കാര്‍ഗോ കോംപ്ലക്‌സിലെ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജിന്റെ സഹായത്തോടെ മദ്യം വാങ്ങാത്ത യാത്രക്കാരുടെ പേരില്‍ വിദേശമദ്യം വിറ്റതായി രേഖയുണ്ടാക്കുകയും, ആറു കോടിയോളം രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിപ്പു നടത്തിയതിനുമാണ്‌ ഡ്യൂട്ടി ഫ്രീ ഷോപ്പിന് സിബിഐ താഴിട്ടത്.

യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ സിയാലിന്റെ അരലക്ഷം ചതുരശ്ര അടി ഡ്യൂട്ടി ഫ്രീ ഷോപ്പ് വന്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്.