തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് എസ് ടി നൽകാത്ത, മോശമായി പെരുമാറുന്ന ബസ് ജീവനക്കാർക്കെതിരെ പരാതി നൽകാനുള്ള വാട്ട്സ്ആപ്പ് നമ്പർ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്. ബസ് ജീവനക്കാരിൽ നിന്നും പലപ്പോഴും വിദ്യാർത്ഥികൾക്ക് മോശം അനുഭവം ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിലാണ് പരാതികൾ നൽകാനുള്ള വാട്ട്സ്ആപ്പ് നമ്പറുകൾ മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയത്.
ബസ്സിൽ കയറ്റാതിരിക്കുക., ബസ്സ് പുറപ്പെടും വരെ പുറത്ത് നിർത്തുക., ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക., ടിക്കറ്റ് കൺസഷൻ നൽകാതിരിക്കുക. തുടങ്ങിയവ വിദ്യാർഥികളോട് ചെയ്യുന്ന വിവേചനം തന്നെയാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ഇത്തരം വിവേചനം കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷനും നിർദേശിച്ചിട്ടുണ്ട്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഇത് സംബന്ധിച്ച് തുടർച്ചയായി പരിശോധനകൾ നടത്തി വരികയാണ്. അതോടൊപ്പം വിദ്യാർഥികൾക്ക് മേൽപ്പറഞ്ഞ വിധത്തിലുള്ള വിവേചനങ്ങൾ ബസ്സുകളിലുണ്ടായാൽ ബന്ധപ്പെടേണ്ട നമ്പറുകളും മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികൾ. കോവിഡ് ദുരിതകാലത്തിനു ശേഷം സ്കൂളുകൾ തുറന്നതോടെ ഭൂരിപക്ഷം വിദ്യാർഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ബസ്സുകളെയാണ് ആശ്രയിക്കുന്നത്. ബഹു ഭൂരിപക്ഷം ബസ്സുടമകളും ജീവനക്കാരും വിദ്യാർഥി കൾക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നൽകുന്നുണ്ട്. എന്നാൽ ഒരു ചെറിയ വിഭാഗം ബസ്സ് ജീവനക്കാരിൽ നിന്നും വിദ്യാർഥികൾക്ക് വളരെ മോശം അനുഭവങ്ങൾ ആണ് ലഭിക്കുന്നത്.
ബസ്സിൽ കയറ്റാതിരിക്കുക., ബസ്സ് പുറപ്പെടും വരെ പുറത്ത് നിർത്തുക., ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക.. ടിക്കറ്റ് കൺസഷൻ നൽകാതിരിക്കുക.. തുടങ്ങിയവ വിദ്യാർഥികളോട് ചെയ്യുന്ന വിവേചനം തന്നെയാണ്. ഇത്തരം വിവേചനം കാണിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബഹു. സംസ്ഥാന ബാലാവകാശ കമ്മീഷനും നിർദേശിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഇത് സംബന്ധിച്ച് തുടർച്ചയായി പരിശോധനകൾ നടത്തി വരികയാണ്. അതോടൊപ്പം വിദ്യാർഥികൾക്ക് മേൽപ്പറഞ്ഞ വിധത്തിലുള്ള വിവേചനങ്ങൾ ബസ്സുകളിലുണ്ടായാൽ താഴെപ്പറയുന്ന നമ്പരുകളിലേക്ക് വാട്സ് ആപ്പ് വഴി പരാതി അറിയിക്കാവുന്നതാണ്
- തിരുവനന്തപുരം -9188961001
- കൊല്ലം – 9188961002
- പത്തനംതിട്ട- 9188961003
- ആലപ്പുഴ – 9188961004
- കോട്ടയം- 9188961005
- ഇടുക്കി- 9188961006
- എറണാകുളം- 9188961007
- തൃശ്ശൂർ – 9188961008
- പാലക്കാട്- 9188961009
- മലപ്പുറം – 9188961010
- കോഴിക്കോട് – 9188961011
- വയനാട്- 9188961012
- കണ്ണൂർ – 9188961013
- കാസർഗോഡ് – 9188961014

