ന്യൂഡൽഹി: യുക്രൈൻ രക്ഷാദൗത്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. റൊമാനിയ അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇക്കാര്യത്തിൽ കോടതിക്ക് എന്ത് ചെയ്യാനാകുമെന്നാണ് ഹർജി പരിഗണിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചത്.
ചീഫ് ജസ്റ്റിസ് എന്തെടുക്കയാണെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ചിലർ ചോദിക്കുന്നതിന്റെ വീഡിയോകൾ താൻ കണ്ടുവെന്നും എന്നാൽ റഷ്യൻ പ്രസിഡന്റിനോട് യുദ്ധം നിർത്താൻ തനിക്ക് പറയാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. ഹർജി പിന്നീട് പരിശോധിക്കാമെന്ന് അറിയിച്ച് ചീഫ് ജസ്റ്റിസ് ഇക്കാര്യത്തിൽ അറ്റോർണി ജനറലിനോട് ഉപദേശം തേടാമെന്നും അറിയിച്ചു.
നിലവിൽ രക്ഷാദൗത്യം പുരോഗമിക്കുന്നുണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം യുക്രൈനിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഉണ്ടെന്നും കുറച്ച് പേർക്ക് ഇവിടെ എത്താൻ കഴിഞ്ഞിട്ടുണ്ടെന്നും വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം അഡ്വക്കേറ്റ് ജനറലിനോട് പറഞ്ഞു.

