തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പാത 66 ആറുവരിയാക്കുന്നതിന്റെ ഭാഗമായ കരാര്‍ നടപടികള്‍ പൂര്‍ത്തിയായി. മാര്‍ച്ച് 15നകം സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കി രേഖകള്‍ മുഴുവന്‍ ദേശീയപാത അതോറിറ്റിക്ക് കൈമാറാന്‍ മുഖ്യമന്ത്രി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആകെ 20 റീച്ചുകള്‍ തിരിച്ചാണ് സംസ്ഥാനത്ത് ദേശീയപാത വികസനക്കരാര്‍ നല്‍കിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കലിന്റെ രേഖകള്‍ കൈമാറിക്കഴിഞ്ഞാല്‍ രണ്ടരവര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് കമ്പനികളുമായി കരാര്‍ വച്ചിരിക്കുന്നത്. ഭൂമിയേറ്റെടുക്കലിന് 75 ശതമാനം തുക കേന്ദ്രവും, 25 ശതമാനം തുക സംസ്ഥാനവുമാണ് ചിലവാക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോട് വരെ 646.30 കിമീ. ദേശീയപാതയാണ് ആറുവരിയായി വികസിപ്പിക്കുന്നത്. ദേശീയപാത അതോറിറ്റി നഷ്ടപരിഹാരമായി 21,670 കോടി രൂപ സംസ്ഥാനത്തിന് നല്‍കിയെങ്കിലും, ഇതില്‍ 12,000 കോടി രൂപ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. 595 കോടി രൂപ തിരുവനന്തപുരത്ത് മാത്രമായി വിതരണം ചെയ്യാനുണ്ട്.
കഴക്കൂട്ടം മുതല്‍ കാരോട് വരെയുള്ള റോഡ് നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. 45 മീറ്റര്‍ വീതിയിലാണ് ആറുവരിപ്പാത നിര്‍മ്മിക്കുന്നത്. കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നീ ജില്ലകളിലെ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി. 2013ലെ ഭൂമിയേറ്റെടുക്കല്‍ ചട്ട പ്രകാരം രണ്ടിരട്ടി തുകയാണ് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരമായി ലഭിക്കുന്നത്. എറണാകുളത്തും തുക വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. ആറു മാസത്തിനകം നഷ്ടപരിഹാര തുക പൂര്‍ണമായും വിതരണം ചെയ്യും.

