ഉണ്ണി മുകുന്ദൻ നായകനും നിർമ്മാതാവുമായി എത്തിയ മേപ്പടിയാന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് മേപ്പടിയാൻ. തിയേറ്ററിൽ റിലീസ് ചെയ്തതിന് ശേഷം ചിത്രം ഒടിടിയിലും റിലീസ് ചെയ്തിരുന്നു. സിനിമയിലെ ഒരു ചിത്രം ഉണ്ണിമുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചതോടെ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ കൂടുതൽ സജീവമായിരിക്കുകയാണ്.
‘സർ, സർക്കാർ ഓഫീസെന്ന് പറഞ്ഞാൽ സാധാരണക്കാരെ സഹായിക്കാൻ ഉള്ളതാകണം..” എന്ന ഡയലോഗ് അടിക്കുറിപ്പായി നൽകിയായിരുന്നു ഉണ്ണിമുകുന്ദൻ പോസ്റ്റ് പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായെത്തിയത്. ഇത്തരത്തിൽ കമന്റ് ചെയ്ത ഒരു ആരാധകന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഇപ്പോഴും ഹാങ് ഓവറിലാണോ ഉണ്ണി? അടുത്ത ചിത്രം ചെയ്യൂ, തങ്ങൾ കാത്തിരിക്കാ’മെന്ന കമന്റിനാണ് ഉണ്ണി മറുപടി നൽകിയത്.
”ഈ സിനിമ തിയേറ്ററിൽ എത്തിക്കാൻ എനിക്ക് നാല് വർഷമെടുത്തു, ഒടിടിക്ക് നൽകും മുൻപ് താൻ ഒരു വർഷം ഹോൾഡ് ചെയ്തു. ആവശ്യമെങ്കിൽ, ഒരു നടനെന്ന നിലയിൽ എന്റെ ജീവിതകാലം മുഴുവൻ ഈ സിനിമ താൻ നാണമില്ലാതെ ആഘോഷിക്കും. സിനിമ എത്ര മികച്ചതാണെന്നും, പ്രേക്ഷകർ അത് എത്ര നന്നായി സ്വീകരിച്ചു എന്നതിലും ഞാൻ അഭിമാനിക്കുന്നുവെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകൾ.

