ബോധപൂർവ്വം ഒരു സിനിമയെ തകർക്കാൻ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്ന് നടൻ മമ്മൂട്ടി. സൂപ്പർസ്റ്റാർ ചിത്രങ്ങളുടെ ഫാൻസ് ഷോകൾക്കു പിന്നാലെ ആ ചിത്രങ്ങൾക്കെതിരെ വ്യാപകമായി ഡീഗ്രേഡിംഗ് നടക്കുന്നതായ ഫിയോകിന്റെ അഭിപ്രായ പ്രകടനത്തെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയുടെ പുതിയ ചിത്രം ഭീഷ്മ പർവ്വത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഡീഗ്രേഡിംഗ് പണ്ടും ഉള്ള കാര്യമാണെന്നും എന്നാൽ ബോധപൂർവ്വം ഒരു സിനിമയെ തകർക്കാൻ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. തിയറ്ററുകളിൽ ഫാൻസിന് പ്രവേശനം നിഷേധിക്കുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീഷ്മ പർവ്വത്തിലെ കഥാപാത്രത്തെ കുറിച്ചും അദ്ദേഹം മാദ്ധ്യമങ്ങളോട് വിശദമാക്കി. ബിഗ് ബിയിൽ താൻ അവതരിപ്പിച്ച ബിലാലിൽ നിന്നും മൈക്കിളിനെ വ്യത്യസ്തനാക്കാൻ താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. മേക്കിംഗിലോ കഥയിലോ കഥാപാത്രങ്ങളിലോ ബിലാലുമായി സാമ്യമില്ല. വേണമെങ്കിൽ മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി കഥാപരിസരത്തിൽ ഒരു സാമ്യതയെന്ന് പറയാമെന്നേയുള്ളൂവെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി. ഭീഷ്മ പർവ്വം ഒരു കുടുംബകഥയല്ല, മറിച്ച് കുടുംബങ്ങളുടെ കഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് മൂന്നിനാണ് ഭീഷ്മ പർവ്വം റിലീസ് ചെയ്യുന്നത്. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിലുള്ള ചിത്രമായ ഭീഷ്മപർവത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ തുടങ്ങിവരും ചിത്രത്തിൽ ഷേമിടുന്നുണ്ട്. ആനന്ദ് സി ചന്ദ്രൻ ക്യാമറയും വിവേക് ഹർഷൻ എഡിറ്റിങ്ങും സുഷിൻ ശ്യാം ചിത്രത്തിന് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

