ശ്രീലങ്കക്കെതിരായ രണ്ടാം ടി20 യിലും ഏഴ് വിക്കറ്റിന്റെ വിജയം കൊയ്ത് ഇന്ത്യ. ശ്രീലങ്ക ഉയര്‍ത്തിയ 184 റണ്‍സിന്റെ വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസം മറികടന്നു. ശ്രേയസ് അയ്യരുടെയും സഞ്ജു സാംസന്റെയും രവീന്ദ്ര ജഡേജയും തകര്‍പ്പന്‍ ബാറ്റിങ് മികവിലാണ് ഇന്ത്യ അനായാസമായി വിജയിച്ചത്.
9 റണ്‍സ് എടുക്കുന്നതിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും സ്‌കോര്‍ 44 ല്‍ നില്‍ക്കെ ഇഷാന്‍ കിഷനെയും ഇന്ത്യയ്ക്ക് നഷ്ടപെട്ടു. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ 84 റണ്‍സ് കൂട്ടിച്ചേര്‍ത്തുകൊണ്ട് ശ്രേയസ് അയ്യരും സഞ്ജു സാംസണും ഇന്ത്യയെ മത്സരത്തില്‍ തിരിച്ചെത്തിക്കുകയായിരുന്നു. സഞ്ജു 25 പന്തില്‍ 2 ഫോറും മൂന്ന് സിക്‌സുമടക്കം 39 റണ്‍സ് നേടി പുറത്തായപ്പോള്‍ ശ്രേയസ് അയ്യര്‍ 44 പന്തില്‍ 5 ഫോറും 4 സിക്‌സുമടക്കം 74 റണ്‍സ് നേടി പുറത്താകാതെ നിന്നു. തുടര്‍ന്ന് ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 18 പന്തില്‍ 6 ഫോറും ഒരു സിക്‌സുമടക്കം 45 റണ്‍സ് നേടി തകര്‍ത്തടിച്ചതോടെ ഇന്ത്യ വിജയലക്ഷ്യം അതിവേഗം മറികടന്നു.
നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടിയിരുന്നു. 53 പന്തില്‍ 75 റണ്‍സ് നേടിയ പാതും നിസങ്ക, 29 പന്തില്‍ 38 റണ്‍സ് നേടിയ ഗുണതിലക, 19 പന്തില്‍ പുറത്താകാതെ 47 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷണക എന്നിവരാണ് ശ്രീലങ്കയെ മികച്ച സ്‌കോറില്‍ എത്തിച്ചത്.

